Saturday 29 December 2012

:(

ആരെയാണ് ഇവര്‍ പേടിക്കുന്നത്. ഭാരതത്തിന്റെ തലപ്പത്തിരിക്കുന്നവരെ നാളെ നിങ്ങളുടെ പെണ്മക്കളും നടുറോഡില്‍ പിച്ചി ചീന്തപ്പെട്ടെക്കും .... ഇവിടെ ഞങ്ങള്‍ പൌരന്മാര്‍ ഒന്നടങ്കം പിന്താങ്ങുന്നു.. ആ നരാധമന്മാര്‍ പുരുഷന്മാരെന്നു തെളിയിക്കുന്ന അവയവങ്ങളെ പിഴുതെറിയൂ ...  എന്നിട്ട് പരസ്യമായി കല്ലെറിഞ്ഞു കൊല്ലൂ ... 

Sunday 25 November 2012

കൈരളിയുടെ മുഖം - അഥവാ കണ്ണേട്ടന്‍ ..


ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ സെര്‍ച്ച്‌ എഞ്ചിന്‍ 


എനിക്ക് യാത്രയയപ്പ് നല്‍കരുത്.. 
കാലചക്രത്തിന്റെ കറങ്ങിതിരിച്ചലില്‍ എന്നെങ്കിലും ഒരവസരം ഒത്തു വന്നാല്‍ ഒരു തവണയെങ്കിലും ഞാനീ കൈരളിയില്‍ തിരിച്ചെത്തും.. അങ്ങനെ ഒരു വരവ് സാധ്യമാകും എന്നെന്റെ മനസ്സിനെ പഠിപ്പിച്ചു കൊണ്ട് നടന്നു നീങ്ങാനാണ് എനിക്കിഷ്ടം.. യാത്രയയപ്പും, കണ്ണീര്‍ തുള്ളികളും മനസ്സിന്റെ ഭാരം വര്‍ദ്ധിപ്പിക്കും.... വേണ്ട... ഒന്നും വേണ്ട.. 


എത്ര വര്‍ഷമായി ഈ ഊഷരഭൂമി എന്ന് പച്ചപ്പിന്റെ മടിതട്ടിലിരിക്കുന്നവര്‍ വിളിക്കുന്ന ഇടത്തിലെത്തിയിട്ട്? 28വര്‍ഷം ?? അതോ 30 ? ഓര്‍മ്മയില്ല... അതോ ഓര്‍ക്കാന്‍ മെനക്കെടാത്തതോ? സമയം കിട്ടിയില്ല... വിരഹവും കുടുംബത്തെ വേര്‍ പിരിഞ്ഞിരിക്കലും ഒന്നും മനസ്സിനെ നോവിച്ചതെയില്ല...ഇക്കാലമത്രയും... ഇനി... 

  കണ്ണേട്ടാ  .. പോകതിരുന്നു കൂടെ? എങ്ങിനെയെങ്കിലും അര്‍ബാബിനെ കൊണ്ട് ഇന്‍ഷുറന്‍സ് കാലാവധി നീട്ടി, വിസയെടുപ്പിച്ചു ഒരു മൂന്നാല് കൊല്ലം കൂടിയെങ്കിലും... 

ഈ ചോദ്യം ചോദിച്ച വ്യക്തിയുടെ മുഖം കണ്ണേട്ടനോര്‍മ്മയില്ല.... ഒരു വ്യക്തിയാണോ, ഒരു സമൂഹമൊന്നിച്ചാണോ ഈ ചോദ്യം തൊടുത്തു വിട്ടത്? 
ഈ യാത്ര അനിവാര്യത മാത്രം.. വേണ്ടാന്ന് വയ്ക്കാനോ, മറിച്ച് ചിന്തിക്കാനോ നിര്‍വാഹമില്ല.. 
ഒരിക്കല്‍ പോകണമെന്ന് കരുതി തന്നെ വന്നു പെട്ടതായിരുന്നെങ്കിലും ഈ കൈരളിയുടെ (ബഹ്റൈനിലെ ഏറ്റവും പ്രശസ്തമായ മലയാളി കൂട്ടായ്മക്ക് ഇതിലും ഉചിതമായ വേറെ പേരുണ്ടോ ) മടിത്തട്ടിലെ നാടിന്‍റെ കുളിരില്‍ എല്ലാം മറന്നു പോയി എന്നതാണ് സത്യം...
 കാര്‍ന്നോരായി, ഇല്ലാത്ത ചാരുകസേരയില്‍ ചാരി കിടക്കുന്ന സങ്കല്‍പ്പത്തില്‍ എത്ര തലമുറകളെ കണ്ടു?? കണ്ണേട്ടനാണ് കൈരളിയുടെ മുഖം.. ഈ മലയാളി കൂട്ടായ്മയുടെ ശക്തി..
തൊടിയിലും പരിസരത്തും ചുറ്റി നടക്കുന്ന കാര്‍ന്നോരെ പോലെ കണ്ണേട്ടന്‍ കൈരളിയില്‍ ചുറ്റി നടക്കും. ശാസിക്കെണ്ടവരെ ശാസിക്കും - ചിലപ്പോള്‍ തിരുത്തിയേക്കും -


പകരക്കാരനെ വച്ചാല്‍ കൃത്രിമത്വം തോന്നി പോയേക്കും.. കണ്ണേട്ടന്‍ ഒരാള്‍ മാത്രം..
കൈരളിയുടെ  ഗേറ്റ് കടന്നു വരുമ്പോള്‍ ആദ്യം കാണുന്ന മുഖം - അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിക്കുന്ന മുഖം മറ്റൊരളുടെതല്ലല്ലോ -

മലയാള സിനിമയിലെ ശങ്കരാടിയെ പോലെയോ, ഒടുവില്‍ ഉണ്ണികൃഷ്ണനെ പോലെയോ ഒരു കാലഘട്ടത്തെയോ ഒരു സമൂഹത്തെയോ പ്രതിനിധാനം ചെയ്യുന്ന മുഖം... 
കണ്ണേട്ടന് 65 വയസ്സ് കഴിഞ്ഞിരിക്കുന്നു... കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, കമ്പനി പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി എടുത്താണ് കണ്ണേട്ടനെ  ബഹറൈനില്‍ പിടിച്ചു വച്ചിരിക്കുന്നത്.. 60 വയസ്സ് കഴിഞ്ഞാല്‍ പിന്നെ വിസ പുതുക്കാന്‍ ഒരു പിടി നൂലാമാലകളുണ്ട്.. പക്ഷെ കണ്ണേട്ടന് പകരം വക്കാന്‍ ഒരാളെ കണ്ടെത്തുന്നതിനു പകരം ആ നൂല മാലകള്‍ അഴിച്ചെടുക്കുന്നതാണ്  എളുപ്പം എന്ന് മേലാധികാരികള്‍ ചിന്തിച്ചു കാണും.. ഇനി തിരിച്ചൊരു യാത്രക്ക് സമയമായി എന്ന് കണ്ണേട്ടന് എപ്പോഴാവും

തോന്നിയിരിക്കുക.. 
എല്ലാത്തിനും ഒരവസാനമില്ലേ അല്ലെ? അങ്ങനെ ഒരു യാത്രക്കാണ് സമയമായിരിക്കുന്നത്.. 
സംഘര്‍ഷഭരിതമാണ് മനസ്സ്.. പിടിവലിക്കിടയില്‍ വീര്‍പ്പുമുട്ടി ശ്വാസം കിട്ടാതെ അതു പിടയുന്നുണ്ട്‌... ..... 
എല്ലാ തീരുമാനങ്ങളും  നമ്മുടെതാകണം എന്ന് നമുക്കു വെറുതെ മോഹിക്കാം.. വാശി പിടിക്കാം പക്ഷെ ഏതോ ഒരു ശക്തി എവിടെയോ ഇരുന്നെടുക്കുന്ന തീരുമാനങ്ങളെ മാറ്റി മറിക്കാന്‍ നാം എന്നും അശക്തരാണ് ..

കണ്ണേട്ടന്റെ യാത്രയയപ്പ് ഒരു വന്‍ ചടങ്ങാക്കി മാറ്റണം..

മുക്കിലും മൂലയിലും ചര്‍ച്ചയോട് ചര്‍ച്ച

ആത്മാര്‍ഥതയും അഭിനയങ്ങളും ഇഴ ചേര്‍ന്ന് കൊണ്ടുള്ള കൊണ്ട് പിടിച്ച ചര്‍ച്ചകള്‍ ....
അല്ലെങ്കില്‍ തന്നെ ഇങ്ങനെ ഒരു യാത്രയയപ്പ് വളരെ വര്‍ണ്ണാഭമായ ഒരു  ചടങ്ങാക്കി മാറ്റിയാല്‍   അതും പൊന്‍തൂവല്‍ തന്നെ.. ഈ ഒരവസരാതെ പാഴാക്കാതെ കണ്ണേട്ടനെ  തിരുത്തി, നല്ല ബുദ്ധി ഉപദേശിച്ചു വേദിയിലേക്ക് ആനയിക്കേണ്ടത്  ഓരോരുത്തരുടെയും കടമ തന്നെ എന്ന് അവര്‍ തിരിച്ചറിഞ്ഞു.. 
ഈ 29 -ആം തിയതി  വേദിയില്‍ കണ്ണേട്ടന്‍ മുഖ്യാതിഥി ആയി ഉപവിഷ്ടനാകണം   മങ്കമാര്‍ കണ്ണേട്ടനെ

 ആനയിച്ചു വേദിയില്‍ എത്തിക്കും.. (ചടങ്ങുകള്‍ മോടി കൂട്ടാന്‍ മങ്കമാരുടെ സാന്നിധ്യം ഒഴിച്ചു കൂടാന്‍ വയ്യാത്ത ചേരുവ ആണല്ലോ..)
 തുടര്‍ന്ന്   അദ്ധ്യക്ഷ പ്രസംഗം.. ഓര്‍മ്മകള്‍ അയവിറക്കല്‍ - 
അങ്ങിനെ ഭൂതകാലത്തിലേക്ക് ഒരു എത്തിനോട്ടം നടത്താന്‍ പല പ്രമുഖരും  താല്പര്യം  പ്രകടിപ്പിച്ചു  കഴിഞ്ഞിരിക്കുന്നു.. 
ഒടുവില്‍ മോമെന്‍ന്റോ നല്‍കി കണ്ണേട്ടനെ  ആദരിച്ചു യാത്രയാക്കുന്നു ... 
 നേര്‍ത്ത മഞ്ഞുള്ള ഒരു   സന്ധ്യ - 28ഡിസംബര്‍
.. 
എയര്‍പോര്‍ട്ടില്‍ എത്തിയ സഹമുറിയന്റെ കൈ കവര്‍ന്നു കണ്ണേട്ടന്‍ മന്ത്രിച്ചു ...

യാത്ര പറയാതെ പോകാനേ എനിക്കാവു.. കണ്ണീര്‍ കമ്മ്യൂണിസ്റ്റ്‌കാരനെ ദുര്‍ബലനാക്കിയേക്കും ..


ഞാന്‍ വരും...മറ്റൊന്നും തന്നെ പരാമര്‍ശിക്കാതെ ഒരു പാസ്പോര്‍ട്ട്‌ കോപ്പി മാത്രം അയച്ചാല്‍ വിസ നാട്ടിലെത്തും എന്ന് പറഞ്ഞ എന്റെ സുഹൃത്തുക്കളേ കാണാന്‍.
പക്ഷെ ചടങ്ങും യാത്രയയപ്പും വേണ്ടെന്നു വച്ചെന്നു മാത്രം...

യാത്ര പറയാതെ പോയാലും എന്നെങ്കിലും വരാനുള്ള അവസരത്തെ അടച്ചു പൂട്ടലാവില്ലല്ലോ അല്ലെ.. പറയൂ. എല്ലാരോടും.. മറക്കില്ല എന്ന് മാത്രം.. 

ഡിസംബറിലെ  ആ തണുത്ത സന്ധ്യയില്‍   യാത്ര പറച്ചിലിന്റെ അസ്വസ്ഥത ഒഴിവാക്കി കണ്ണേട്ടന്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനത്തില്‍  വടകരയിലെ കൊച്ചുമക്കള്‍ കാത്തിരിക്കുന്ന ആ കൊച്ചുവീടിനെ ലക്ഷ്യമാക്കി പറന്നു

... 
കൈരളിയുടെ 29 തിയതിയിലെ ചടങ്ങില്‍ കണ്ണേട്ടന്‍ ഒരു അനിവാര്യത ആണോ ??
തലേന്ന് വിമാനം കയറിയ കണ്ണേട്ടനെ  കുറിച്ചുള്ള ഓര്‍മകളും അവര്‍ക്ക്  അയവിറക്കാമല്ലോ അല്ലെ? 
എന്തായാലും കണ്ണേട്ടനൊരു പകരക്കാരനെ കണ്ടെത്താന്‍ അവര്‍ക്കാവില്ല.








Friday 12 October 2012

ബലാല്‍സംഗത്തില്‍ നിന്ന് രക്ഷ നേടാന്‍ ഒറ്റമൂലി - താലി



(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍.. ))

വിവാഹപ്രായം ഉയര്‍ത്തിയാല്‍ എങ്ങിനെയാണ് ബലാത്സംഗ നിരക്ക് കുറയ്ക്കാമെന്ന് ശ്രീ ഓം പ്രകാശ്‌ പ്രസ്താവിച്ചത്?? ഹരിയാനയിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ചാല്‍ പിന്നീടവരെ ആരും ബലാല്‍സംഗം ചെയ്യില്ലെന്ന് ചവ്ത്താലസാറിനു ഉറപ്പു പറയാന്‍ സാധിക്കുമോ?? 
അപ്പോള്‍ വിവാഹത്തോടെ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാം എന്നാണോ ഉദ്ദേശിച്ചത്? സ്ത്രീയെ പിച്ചി ചീന്താന്‍ വരുന്നവന്‍ അവളുടെ നെഞ്ചിലെക്കൊന്നു  നോക്കും.. അവിടെ താലി കണ്ടാല്‍ സലാം സഹോദരി എന്ന് പറഞ്ഞു ആ വിദ്വാന്‍ നടന്നു നീങ്ങും.. അതായിരിക്കുമോ സംഭവിക്കുക? 
അല്ലയോ മഹാനായ ചവ്താല.. പ്രസവിച്ചു ഭൂമി കണ്ട ഉടന്‍ അവളെ ഒരു താലി ചാര്‍ത്തിച്ചേക്കൂ... ആ നിമിഷം നഷ്ടപെടുന്ന സുരക്ഷിതത്വം നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുമെന്ന വാഗ്ദാനം നീട്ടിയാല്‍ തയ്യാര്‍..... 
സ്ത്രീക്ക് വിവാഹപ്രായം നിശ്ചയിക്കാന്‍ ഇയാള്‍ കാണിക്കുന്ന ഈ ശുഷ്കാന്തി പുരുഷന്‍റെ പൌരുഷം നശിപ്പിക്കാന്‍ കാണിച്ചാല്‍ ഒരു പക്ഷെ ഈ പ്രശ്നം കുറെ കൂടി എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നു.. 

Saturday 6 October 2012

ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ്



(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ )





ബാക്ക്ടീരിയക്ക്‌ വന്‍ ഡിമാണ്ട്... കുറച്ചു ബാക്ടീരിയകുഞ്ഞുങ്ങളെ  മൊത്തമായോ, ചില്ലറയായോ തരപ്പെടുത്താന്‍ എന്ത് വഴി? സാധാരണ ബാക്ടീരിയയെ കിട്ടിയിട്ട് കാര്യമില്ല.. കിട്ടുകയാണെങ്കില്‍ ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ് എന്ന വമ്പനെ തന്നെ സംഘടിപ്പിക്കണം... ഗോള്‍ഡ് ക്ലോറൈഡിലും ദ്രവ സ്വര്‍ണ്ണത്തിലും പെരുകാന്‍ കഴിയുന്നവയാണ് മെറ്റാലിഡ്യൂറന്‍സ് ബാക് ടീരിയകള്‍ എന്ന് പറയുന്നു.. മിച്ചിഗന്‍ യുനിവേര്‍സിറ്റി ആണ്  ഈ സംഗതി പുറത്തു വിട്ടിരിക്കുന്നത്.. 

ഇനി നമ്മള്‍ കേരളീയ മങ്കകള്‍ അമേരിക്കയിലുള്ള മക്കളോടും ബന്ധുക്കളോടും പറഞ്ഞ്  ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ് എന്ന വീരനെ സംഘടിപ്പികുമോ എന്തോ?? അതോ നാട്ടില്‍ കിട്ടുന്ന സാധാ ബാക്ടീരിയകളെ മൈക്രോബിയല്‍ ആല്‍ക്കെമി എന്ന വിദ്യ പഠിപ്പിക്കണോ? (തട്ടാന്മാരെ പോലെ ഇവന്മാര്‍ ലോഹത്തില്‍ പണിയെടുക്കുന്നതിന്റെ പേരാണ് മൈക്രോബിയല്‍ ആല്‍ക്കെമി).

എന്തായാലും നമ്മുടെ ചാലിലും, ഓടയിലും നുളക്കുന്ന കരിമന്തന്മാരെ കൂടി ഒന്നെടുത്തു പരിശോധിപ്പിക്കണം... എന്തെങ്കിലും ലോഹത്തില്‍ വച്ച് നോക്കി സ്വര്‍ണ്ണ മാക്കുന്നുണ്ടോ എന്ന് തീര്‍ച്ചപ്പെടുത്തിയാല്‍ തൃശൂര്‍ മാര്‍ക്കെറ്റിലെ സ്വര്‍ണ്ണ മുതലാളിമാരായ ജോയ് ആലുക്കാസിനെയും, ജോസ് ആലുക്കാസിനെയും, കല്യാണ്‍ സ്വാമിയെയും മുട്ട് കുത്തിക്കാം... നമുക്ക് നാട്ടില്‍ ബാക്ടീരിയകളെ പെരുപ്പിച്ചെടുക്കാം ..  

Saturday 4 August 2012

പ്രതികരിക്കൂ കേരളം

 (ചിത്രത്തിന് കടപ്പാട് : വിദ്യ വിനോദ്) 




കാട് വെളുപ്പിക്കാന്‍ ഇറങ്ങുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ആരുമില്ലേ??  വിളപ്പില്‍ശാലയിലെ റോഡുകളെ തിങ്ങി നിറച്ചു, ഒഴിപ്പിക്കാന്‍ വന്നവരെ നിരായുധരാക്കി നിലം പറ്റിച്ച കുറെ പേര്‍ കേരളജനത തന്നെ.. ഈ ഉഷാര്‍ ഈ ഒരുമ, കാടു വെട്ടി തെളിയിക്കാന്‍ ഇറങ്ങിയവര്‍ക്കെതിരെയും പ്രയോഗിക്കൂ.. അട്ടപ്പടിയെ മൊട്ടക്കുന്നാക്കി മാറ്റാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന, ആ സംഘത്തിനെതിരെ ആരെങ്കിലുമൊക്കെ ഒന്നിറങ്ങി വരൂ.. പൈന്‍, ഞാവല്‍, കാട്ടുമാവ് തുടങ്ങിയ മരങ്ങളൊക്കെ മുറിച്ചെടുത്തു ലോറികളില്‍ കുത്തി നിറച്ചു, പട്ടണ ഹൃദയം ലക്ഷ്യമാക്കി ഈ സംഘം നീങ്ങുമ്പോള്‍, ചെക്ക്‌ പോസ്റ്റ്കളില്‍  പ്രത്യേക നിര്‍ദ്ദേശം കിട്ടിയവര്‍ മനസ്സോടെയോ, അല്ലാതെയോ കയ്യുയര്‍ത്തി ഇവരെ യാത്രയാക്കുന്നു.. 
വച്ച് പിടിപ്പിച്ചു വളര്‍ത്തി വലുതാക്കിയെടുക്കാനാകില്ലൊരിക്കലും എന്ന് തറപ്പിച്ചു പറയാനാകുന്ന മുത്തശ്ശന്‍ മരങ്ങളെ നിര്‍ദാക്ഷിണ്യം കട പുഴക്കിയെടുത്തു നടന്നു നീങ്ങുന്ന ഈ രാക്ഷസമാനസര്‍ക്കെതിരെ പ്രതികരിക്കാന്‍ വൈമനസ്യം എന്തിന്‌? 
ഉണരൂ.. 


(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ സെര്‍ച്ച്‌) )

പുലിയറ, കോഴിക്കൂടം, വയലൂര്‍, വെച്ചപ്പതി തുടങ്ങിയ പ്രദേശങ്ങളിലെ ഒട്ടു  മിക്ക മരങ്ങളും മുറിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു എന്നാണ് ഇന്നത്തെ മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്..  
കേരളത്തെ മറ്റൊരു മരുഭൂമിയാക്കാന്‍  നമ്മളും കൂട്ട് നില്‍ക്കയാണോ? പ്രതികരിക്കൂ കേരളം.. പ്രതികരിക്കൂ.. ഉടയാടകള്‍ ആകുന്ന വൃക്ഷലതാദികളെ ഉരിച്ചു മാറ്റി കേരളഭൂമിയെ നഗ്നയാക്കുന്ന കാപാലികര്‍ക്കെതിരെ നമ്മള്‍ പ്രതികരിക്കേണ്ടേ? അതോ വിരല്‍ സൂത്രമുള്ള പുതു പുത്തന്‍ മൊബൈലും, 42 ഇഞ്ച്‌ ടി വിയും, പിന്നെ എയര്‍ കണ്ടിഷനെരിന്റെ ശീതിളിമയും നമ്മളുടെ ബുദ്ധിയെ മരവിപ്പിച്ചോ? 
ഒരിടത്തെ കട്ടിംഗ് പെര്‍മിറ്റ്‌ സ്വന്തമാക്കി മറ്റിടങ്ങളിലെ മരങ്ങള്‍ കൂടി മുറിച്ചു മാറ്റുകയാണ് ഇവര്‍ ചെയ്യുന്നതത്രേ.. 
ഇഷ്ടിക കളങ്ങളിലേക്കും, പ്ലൈവുഡ്ഫാക്ടറികളിലേക്കും എന്ന ലേബലില്‍ ആണ് ഈ കള്ളകളികള്‍ എന്ന് പറയുന്നു.. പക്ഷെ ഇതറിയാവുന്നവര്‍ എന്തെ മൌനം പാലിക്കുന്നു.. സിനിമകളിലെ പോലെയോ അതിലും കുറെ കൂടി മോശമായ രീതിയിലെ ഇവന്മാരൊക്കെ തിരിഞ്ഞടിച്ചാലോ എന്ന് ഭയന്നായിരിക്കും.. സംഗതി വാസ്തവം തന്നെ.. എന്നാലും കുറെ പേര്‍ ഒന്ന് ചേര്‍ന്ന് ഒന്ന് പ്രതികരിച്ചാല്‍ ചിലപ്പോള്‍ ഫലം കണ്ടാലോ.. 
അണ്ണാ ഹസാരെ നടത്തിയ നാടകം പോലെ പട്ടിണി കിടന്നല്ല കേട്ടോ..
 പ്രതികരിച്ചു കൊണ്ട് തന്നെ.. രാഷ്ട്രീയപാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ.. 

Wednesday 1 August 2012

വെള്ളരിപ്രാവിന്റെ ചങ്ങാതി

എന്തിന്‍റെ പേരിലായാലും ഇത്തവണത്തെ സംസ്ഥാന സിനിമ അവാര്‍ഡ്‌ പ്രഖ്യാപനം കടന്ന കയ്യായി പോയി... 
ദിലീപ് മികച്ച നടന്‍ എന്ന് കേട്ടപ്പോള്‍ ഞാന്‍ ചെവി കൂര്‍പ്പിച്ചു.. ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.. പോയ വര്‍ഷം ചലനം സൃഷ്ടിച്ച ഇതു കഥാപാത്രമാണ് ദിലീപ് അവതരിപ്പിച്ചത്? 
ഓര്‍മ്മ കിട്ടുന്നില്ലല്ലോ... ആഹ... ഒരു നിമിഷത്തെ ചിന്തഭാരത്തിന്  അറുതി വരുത്തി  പടത്തിന്റെ പേര് അവര്‍ തന്നെ ടി.വിക്കുള്ളിരുന്നു വിളിച്ചു പറഞ്ഞു.. 
വെള്ളരിപ്രാവിന്റെ ചങ്ങാതിയാണ് ദിലീപിന് അവാര്‍ഡ്‌ നേടി കൊടുത്ത പടം.. 
എന്‍റെ നെഞ്ഞിടിപ്പ്‌ നിലച്ചോ എന്ന് തോന്നി പോയി..പടം ഞാനും കണ്ടതാണ്.. രണ്ടോ മൂന്നോ തവണ എഴുന്നേറ്റു ഓടിയാലോ എന്ന് കരുതി ആഞ്ഞതുമാണ്.. 
പിന്നെ കൊടുത്ത കാശിനെ കുറിച്ചോര്‍ത്തു ഇരുന്നു കൊടുത്തതാണ് എന്നത് സത്യം..   ക്ഷമയുടെ നെല്ലിപലകയും, അതിനപ്പുറവും പിന്നെ ചിലതും നഷ്ടപ്പെടുത്തിയ പടം.. 
(വെള്ളരിപ്രാവുകളെ ഒന്നടങ്കം അങ്ങ് വെറുത്താലോ എന്ന് വരെ  ഒന്ന് ചിന്തിച്ചു നോക്കി.. അക്രമം തന്നെ... )



അവാര്‍ഡ്‌ കൊടുക്കണമെങ്കില്‍ ദിലീപിന് അവാര്‍ഡ്‌ കൊടുക്കാമായിരുന്ന എത്രയോ പടങ്ങളുണ്ട്.. 
ഇത്രയും കാലം എന്തിന്‍റെ പേരില്‍ ആണാവോ കാത്തിരുന്നത്.. 
മീശ മാധവന്‍.., പച്ചകുതിര, ചാന്തു പൊട്ട്, കുഞ്ഞികൂനന്‍.. അങ്ങനെ എടുത്തു പറയാവുന്ന എത്രയോ പടങ്ങള്‍.. 
100 ശതമാനം നിരാശ മാത്രം സമാനിച്ച ഈ  പടത്തിലെ എന്ത് പ്രകടനം കണ്ടിട്ടാണ് ജൂറി ദിലീപിനെ മികച്ചവന്‍ ആയി കണ്ടത്? 
അവാര്‍ഡ്‌ നിഷേധിച്ചു ദിലീപ് കടന്നു  കളയണമായിരുന്നു എന്നഭിപ്രയതോട് എനിക്ക് തെല്ലും യോജിപ്പില്ല..  
കിട്ടിയത് കിട്ടി.. ഇത് നിര്‍ണ്ണയിച്ച  പ്രഗല്ഭരോടെ എനിക്ക് മുറുമുറുപ്പുള്ളു.. ദിലീപിന് മുന്‍പ് എന്നോ കിട്ടേണ്ടത് ഇപ്പൊ കിട്ടി എന്ന് മാത്രം.. (കിട്ടിയതോ , കരിയറിലെ തന്നെ ഏറ്റവും മോശം എന്ന് പറയാവുന്ന ഒരു ചിത്രത്തിന്.. )

അവാര്‍ഡ്‌ പ്രഖ്യാപനവും, ചെളി വാരി എറിയലും കഴിഞ്ഞിട്ട് ദിവസം ഏറെയായി.. പക്ഷെ ഇതൊന്നു പോസ്റ്റ്‌ ചെയ്യാന്‍ പറ്റണ്ടേ? 

Tuesday 31 July 2012

മധുരിക്കുന്ന ഹണി കയ്ച്ചു തുടങ്ങിയോ?

(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ )


മധുര ഹണി ഒരു തരംഗമാകുന്നത് കണ്ടപ്പോള്‍ പലര്‍ക്കും വീര്‍പ്പുമുട്ടല്‍.. ഹോ.. ഇവള് ഒറ്റ ദിവസം കൊണ്ടല്ലേ സ്റ്റാര്‍ ആയി പോയത്? 
ഒളിമ്പിക്സ് താരങ്ങള്‍ക്കൊപ്പം ഒരു നടത്തം.. എവിടെ നിന്ന് വന്നു .. എവിടേക്ക് പോയി..
ഇവിടെ തെക്കോട്ടും വടക്കോട്ടും ക്യാമറക്ക് വിലങ്ങനെയും, കുറുകെയും നടന്നിട്ടും നമ്മുടെ മാവ് മാത്രം പൂത്തില്ലല്ലോ.. 
ഇവള് നമ്മുടെ സഖാക്കന്മാരുടെ ചുവപ്പും വാരിയുടുത്തു ഒരൊറ്റ നടത്തം അങ്ങ് നടന്നതോടെ അവളുടെ പേര് ലോകം മുഴുവന്‍ അറിഞ്ഞു കഴിഞ്ഞു.. 
സുപ്രസിദ്ധി ആയാലും, കുപ്രസിദ്ധി ആയാലും സംഗതി ജോറായി.. അവള് സ്റ്റാറുമായി.. 
കള്ളപേരില്‍ ഫേസ് ബുക്കിലാരോ തുടങ്ങിയ അക്കൌണ്ടില്‍ ദേ 108  കൂട്ടുകാര്‍.. .. 
ഇത് അവള്‍ അല്ലെന്നും, ഇതാരോ കള്ളപേരില്‍ തുടങ്ങിയ സംഭവമാണെന്നും അറിയാതെയാണോ, അതോ അറിഞ്ഞു കൊണ്ടോ ഇവന്മാരൊക്കെ പോയി കൂട്ട് പിടിച്ചിരിക്കുന്നത്.. 
ആളുകള്‍ ഉറക്കമൊഴിച്ചിരുന്നു മധുര ഹണിയെ ഫോട്ടോഷോപ്പ് വഴി എത്തിക്കാവുന്നിടത്തൊക്കെ  എത്തിക്കുന്നു.. ഒബാമക്കൊപ്പവും, മന്‍മോഹന്‍ സിങ്ങിനൊപ്പവും, സോണിയ ഗാന്ധിക്കൊപ്പവും, വേള്‍ഡ് കപ്പിലും, യേശു ക്രിസ്തുവിനൊപ്പവും ... എന്തിന് ചന്ദ്രനില്‍ വരെ ഇറക്കുന്നു.. 
പണ്ട് ചാള്‍സ് രാജകുമാരന്‍ ഭാരത സന്ദര്‍ശനം നടത്തിയപ്പോള്‍ രതി അഗ്നിഹോത്രി അദ്ദേഹത്തിനു നല്‍കിയ ചുടു ചുംബനം അവരെ വളരെ പ്രശസ്തയാക്കിയിരുന്നു.. 
അപ്പോള്‍ നേര്‍ വഴിക്ക് കാര്യം നടന്നില്ലെങ്ങില്‍ ദേ ഇങ്ങനെയുമുണ്ട് കുറുക്കു വഴികള്‍.. 
വേണമെങ്കില്‍ പരീക്ഷിക്കാം.. 

കിടക്കയും ഞാനും..

(ഒരു കഥ)
(ചിത്രത്തിന് കടപ്പാട് - ഗൂഗിള്‍) )


കിടന്നു കിടന്നു കിടക്കക്കും പിടിച്ചിരിക്കുന്നു വൃണങ്ങള്‍ .. അങ്ങിങ്ങായി കാണുന്ന ചോരപ്പാടുകള്‍.. മൂത്രപ്പാടുകള്‍.. ... 
കിടന്നാലും ഇരുന്നാലും കിടക്കയെ വൃണപ്പെടുത്തുന്ന മുറിപ്പാടുകള്‍.... 
മരണം.. അതും ഈ വീട്ടിലുള്ളവരെ പോലെ മുറിക്കുള്ളിലേക്ക് കടന്നു വരാന്‍ മടിച്ചു പുറത്തെ ഇടനാഴിയിലോ, പൂമുഖത്തോ, അതോ മുറ്റത്തോ ഒക്കെ ചുറ്റി നടക്കുന്നുണ്ടാവണം.. 
ദയാവധത്തിനെതിര് നില്‍ക്കുന്ന  നിയമാവലിയെയും , പീനല്‍കോടിനെയും വിളിച്ചാല്‍ അവര്‍ എന്‍റെ കിടക്കവിരി മാറ്റി തരുമോ? 
എന്നെ കൊന്നു തരൂ എന്നാര്‍ത്തു വിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല.. 
എല്ലാവരുടെ മുഖത്തും വിരിയുന്ന മടുപ്പിന്‍റെ ആക്കം കൂടി വരുന്നതനുസരിച്ച്‌ എന്‍റെ നിസ്സംഗ ഭാവം ഞാന്‍ വര്‍ദ്ധിപ്പിച്ചു വരുന്നു..  അങ്ങനെയാണ് എന്‍റെ ധാരണ എന്നെ പറയാനാകൂ.. ഞാനും പൊട്ടി തെറിക്കാനും, വിതുമ്പാനും, വെമ്പി നില്‍ക്കുകയാണ്.. പ്രതികരണശേഷി നഷ്ടപ്പെടുന്നതെപ്പോഴാണ്...  മനസ്സ് ആശിക്കുന്നിടത്ത് ശരീരമെത്താതാകുമ്പോള്‍ .. തളരുമ്പോള്‍... 

നാലരകൊല്ലമായി ഇതേ രീതിയില്‍, ഇതേ കിടക്കയില്‍, തിരിയാതെ, ചെരിയാതെ കിടന്ന കിടപ്പ് തുടങ്ങിയിട്ട്.. 
കിടപ്പ് തുടങ്ങിയപ്പോള്‍ കിടക്ക പതുപതുപ്പുള്ള നനുത്ത തൂവല്‍ പോലെ സുഖം തരുന്നതായിരുന്നു.. 
ഒന്നരാടം വിരിപ്പ് മാറ്റാന്‍ ഈ വീട്ടിലുള്ളവര്‍ക്കൊക്കെ ഉത്സാഹമായിരുന്നു.. 
ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍, കിടക്കയുടെ നടുഭാഗത്തെ പഞ്ഞി കുതിര്‍ന്നു  വിണ്ടു കീറി പോയിരുന്നു.. 
 മൂത്രം കമ്മോടിനെ മറി കടന്നു തുളുമ്പി വീണു വീണുണ്ടായ വിണ്ടു കീറലുകളെ ശ്രദ്ധിക്കാന്‍ ആരുമുണ്ടായില്ല.. 
മനുഷ്യനല്ലേ.. അറപ്പും, വെറുപ്പും സ്വാഭാവികം.. വല്ലപ്പോഴും മുറിയുടെ വാതിലില്‍ തല നീട്ടി  കുറവുണ്ടോ എന്ന് ചോദിക്കുന്നുണ്ടല്ലോ.. മതി..  അതായിരുന്നു അന്നത്തെ ചിന്ത... 
പക്ഷെ ഇപ്പൊ ഇപ്പോഴായി അതിനും മെനക്കെടുന്നില്ല മക്കളും മരുമക്കളും.. 
കര്‍ത്തവ്യനിര്‍വഹണം എന്ന നിലയില്‍ ഈ മുറി വാതില്‍ തുറന്നകത്തു  വരുന്നവര്‍ക്ക്   പുറത്തു കടക്കാനുള്ള ഉത്സാഹം കാണുമ്പോള്‍ അവരോടു ഒച്ചയിട്ടു സംസാരിക്കണമെന്ന് തോന്നും... പക്ഷെ നാളെ അവരും വരാതായാല്‍? 

മരണം എങ്ങിനെയാണ്  ഒരാളെ  വരിക്കുന്നത്? എന്താണ് മാനദണ്ഡം? 
ഓടി നടക്കുന്ന അരോഗദൃടഗാത്രന്മാരെ വന്നു കൂട്ടി പോകാന്‍ കാണിക്കുന്ന ഉത്സാഹം ഈ മാംസപിണ്ടത്തെ വഹിക്കുമ്പോള്‍ ഇല്ലാത്തതാണോ ഈ ശുഷ്കാന്തിയില്ലായ്മക്ക് ഹേതു? 
നീ മാത്രമാണിന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന അതിഥി..  ഈ മന്ത്രം ദിവസത്തില്‍ പത്തോ പന്ത്രണ്ടോ തവണ ഉരുവിടുന്നു.. 
അറിയുന്ന ദൈവങ്ങളെ ഒക്കെ വിളിക്കുന്നു.. പക്ഷെ കുഞ്ഞിരാമനെ കൊണ്ട് പോകാന്‍ വന്നില്ല ഒരു കാലനും.. 
വിണ്ടു കീറിയ ശരീരം ഒരിക്കല്‍ ഇവിടെ ഈ വൃണിതമായ കിടക്കയില്‍ കിടന്നു ചീഞ്ഞു പോയാല്‍  ആരുണ്ട്‌ വേദനിക്കാന്‍.. 
വഴുവഴുത്ത, കിടക്ക സമ്മാനിച്ച മുറിവുകളുടെ ദുര്‍ഗന്ധത്തെ ഉപേക്ഷിച്ചു പോകാന്‍ കഴിയുമോ? കിടക്കയുടെ വശങ്ങളില്‍ കൂട് വച്ചിരിക്കുന്ന ചോരകുടിയന്മാരായ മൂട്ടക്കൂട്ടത്തിന്റെ കൂട്ടായ ആക്രമത്തില്‍ നിന്ന് രക്ഷ ലഭിക്കുമോ? 
ആത്മഹത്യ ചെയ്യാനും വേണ്ടേ ആരോഗ്യം? വേണം.. 
ഈ വാതായനങ്ങളെ മറി കടന്നു മരണം പതുക്കെ കടന്നു വരുന്ന വരെ ഈ കിടപ്പ് മാത്രം.. 
കൂട്ടിനു മൂത്രം കുതിര്‍ത്തിയ ഈ കിടക്കയും... 

Friday 6 July 2012

പച്ചെയ് നിറമേ പച്ചെയ് നിറമേ

പച്ചക്കുതിരയെ ദേശീയമൃഗമായി അവരോധിക്കാനുള്ള ഉപാധിയോടൊപ്പം, അവയ്ക്കായി ഒരു സംരക്ഷണകേന്ദ്രം കൂടി തുടങ്ങാനുള്ള പദ്ധതിയെ പ്രതിപക്ഷം പോലും സഹര്‍ഷം സ്വാഗതം ചെയ്തു.. 


ദേഹം മുഴുവന്‍ കാവിയും കറുപ്പും വരകളുള്ള വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ബംഗാള്‍  കടുവകളെക്കാള്‍   എന്ത് കൊണ്ടും മെച്ചം സുലഭമായി കാണുന്ന പച്ചക്കുതിരകളെ ആദരിക്കുന്നതാണ് എന്നതാണ് ഭരണപക്ഷത്തിന്റെ വാദം.. 
കേരളത്തിന്റെ ആസ്ഥാന മൃഗമായ ആനയെയും, ദേശീയമൃഗമായ കടുവയും തല്ക്കാലം മറന്നേക്കൂ എന്നാണ് അവരുടെ ആവശ്യം.. ദേശീയമൃഗം പച്ചക്കുതിര തന്നെ.. 
പച്ചക്കുതിരയെന്ന ഈ ചങ്ങാതിയുടെ മുഖത്ത് കരി വാരി തേക്കാന്‍ ഈ ദേഹത്തെ അലസനും, സുഖിയനുമാകി ചിത്രീകരിച്ചിരുന്ന പഴങ്കഥകളൊക്കെ ഇനി മേലില്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു ഉദാഹരിക്കുന്ന പതിവുകള്‍ മുത്തശ്ശിമാരും, മാതാപിതാക്കളും നിറുത്തേണ്ടതാണ് എന്ന നിയമം നടപ്പില്‍ വരുത്തണമോ എന്ന് ഭരിക്കുന്നവര്‍ ചിന്തിക്കുന്നുണ്ട്.. 

കൂട്ടത്തില്‍ ദേശീയപക്ഷിയായ മയിലിനും വിശ്രമം കൊടുത്താലോ എന്നൊരാലോചന സര്‍ക്കാരിന്റെ കര്‍മ പദ്ധതിയില്‍ ഉണ്ട്.. 

പച്ചപനങ്കിളിയായ തത്തമ്മയാണ് ഇനി നമ്മുടെ ദേശീയപക്ഷി.. 
സര്‍കാരിന്റെ ഈ രണ്ടു പുതിയ ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ, വഴിയരികില്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പറയാന്‍ തത്തമ്മയെ ഉപയോഗിക്കുന്നവര്‍, ആ തൊഴില്‍ ഉപേക്ഷിക്കുകയോ, തത്തമ്മക്ക് പകരം കാക്ക, പ്രാവ് തുടങ്ങിയ പക്ഷികളെയോ, എന്തിനധികം പറയുന്നു, മയിലിനെ  വരെയോ ഉപയോഗിക്കുന്നതാവും അഭികാമ്യം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്..  . 


പച്ചക്കറി വിപണനരംഗത്തും  ചില ഭേദഗതികള്‍ നടപ്പിലാക്കാന്‍ പ്രസ്തുത സര്‍ക്കാരിനുദ്ദേശമുണ്ട്.. പച്ച നിറമുള്ള പച്ചക്കറികള്‍ - കക്കിരിക്ക (പച്ച മാത്രം), പച്ച ചീര, കുമ്പളങ്ങ, മുരിങ്ങക്കായ തുടങ്ങിയ കാര്‍ഷിക വിളകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും, തദ്വാരാ, ഇവയുടെ കൃഷിയും, വിളവെടുപ്പും, ഗണ്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്.. 
ദേശീയ നിറമായി പച്ചയെ പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നമ്മുടെ ബഹുമാന്യനായ മന്ത്രി  അവര്‍കള്‍ നമ്മള്‍ വിഡ്ഢികളായ വോട്ടെര്‍മാരെ അറിയിച്ചു കഴിഞ്ഞിരിക്കുന്നു.. 
നമുക്കിനി പച്ച മനുഷ്യരായി മുന്നേറാം... 

ജയ് ഹിന്ദ്‌... 

Friday 29 June 2012

ഭാരമില്ലയ്മയാണ് എന്‍റെ ഭാരം

(ഒരു ചെറുകഥ) 

അയാള്‍ ആലോചനയിലാണ്..
ഇന്ന് അല്ലെങ്കില്‍ നാളെ.. അതുമല്ലെങ്കില്‍ മറ്റന്നാള്‍ (അതിനപ്പുറം പറ്റില്ലഒരു മഹദ് സാഹിത്യകാരനായി അറിയപ്പെടാനുള്  ചില മാര്ഗ്ഗങ്ങള്‍ ആവിഷക്കരിക്കുന്നതിന്റെ അവസാന ഘട്ടം ന്ന് വേണമെങ്കില്‍ പറയാം..
ഇതുമല്ലെങ്കില്‍ പഴയ കണക്കെഴുത്ത് പണിക്കു തന്നെ പോകാം..
 പക്ഷേ സാഹിത്യത്തിന്റെ ലേബലില്‍ തന്നെ അറിയപ്പെടണം..
അതിനാണല്ലോ ഭാര്യയെ ഉപേക്ഷിച്ചതുംമക്കളെ തിരിഞ്ഞു നോക്കാത്തതുംഅച്ഛനുമമ്മയും മരിച്ചപ്പോള്‍ പോലും വീട്ടില്‍ പോകാതിരുന്നതും..
തന്റെ എഴുത്ത് ആകെ പ്രശ്നമാണെന്ന് വായനക്കാരും നിരൂപകരും, ചില സാഹിത്യകാരന്മാരും  വിലയിരുത്തിയിരിക്കുന്നു..

ലാളിത്യം കൂടി പോയി.. കുറച്ചു ൂടെ മനുഷ്യന് മനസ്സിലാകാത്ത ഭാഷയെടുത്തു കൈകാര്യം ചെയ്താല്‍ നില നിലക്കാമെന്ന്..
തിരിച്ചുംമറിച്ചുംവളച്ചുംചെരിച്ചും എഴുതിയിട്ടും കനം വരുന്നില്ല.. എന്തെഴുതിയാലും അതൊക്കെ വായിക്കുന്നവര്ക്ക് മനസ്സിലാകുന്നു
ഇവന്മാര്ക്ക് മനസ്സിലാകരുത്‌ ന്ന് കരുതിയാണ് കഴിഞ്ഞ കഥയില്‍ അങ്ങനെയൊരു വളച്ചൊടിക്കല്‍ നടത്തി,  ഉഗ്രന്‍ പദങ്ങള്‍ എടുത്തു പ്രയോഗിച്ചത്..

"ഉത്കൃഷ്ടമായ ബന്ധങ്ങളെ വിഷലിപ്തമാക്കി വിവാദം സൃഷ്ടിച്ചു അതില്‍ നിന്ന് ലാഭം നേടിയെടുക്കുന്ന നരാധമന്മാരെ കണ്ടെടുത്തു ഉന്മൂലനം ചെയ്യുക വഴിമലീമസമായി കൊണ്ടിരിക്കുന്ന  സമൂഹത്തിന്റെ മുഖച്ഛായ മാറ്റിഒര സമൂഹ്യപരിവര്ത്തനം നടത്തുക ന്നാ ലക്ഷ്യതോടെ മുന്നേറിയ വിനയന്‍ ഒറ്റപ്പെട്ടു പോയി.. 
അന്ത്യനിമിഷങ്ങളില്‍ രേഖ വിനയനോട് ചേര്ന്നിരുന്നു..
ദീര്ഘനിശ്വാസങ്ങളുടെ അകമ്പടിയോടെ മെല്ലെ മൊഴിഞ്ഞു.. 
ജന്മം പുണ്യമാണ്.. ഇല്ലാതാകുന്ന നിമിഷത്തോടെ യാത്ര ചൊല്ലുന്ന ത്മാവ് മറ്റൊരു ശരീരം കണ്ടെത്തി തന്‍റെ കര്മം 
പൂര്ത്തീകരിക്കുന്നു.. എന്റെ ശ്വാസം നിലച്ചാല്‍ വിനയന്‍ ഓര്‍ക്കണം രേഖ മറ്റൊരു ശരീരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞെന്ന്.. തൊരിക്കലുമൊരവസാനമല്ല...
ഒരു പ്രപഞ്ച രഹസ്യം മാത്രം.. 
നിരന്തരമായ പ്രവര്ത്തി കൊണ്ടേ ആശയങ്ങളെ പ്രാവര്ത്തികമാക്കാന്‍ സാധിക്കൂ...
നൈരന്തര്യം കണക്കാക്കാതെ വരും ന്മത്തിന്റെ കാത്തിരിപ്പിലേക്ക് - പുതിയ മിടിപ്പിലേക്ക് കാലൂന്നുന്ന നിന്നെ സ്നേഹിച്ച പെണ്കുട്ടിക്ക് നീ മംഗളങ്ങള്‍ നേരണം..
നിയോഗം.. 
നിന്‍റെ കര്മം മറ്റൊന്നാണ്.. തിനായി മാത്രം നീ ചരിക്കുക.. ഓരമ്മകള്‍ ശാപങ്ങള്‍ മാത്രമെന്ന സത്യം മനനം ചെയ്യുക..   "

ഏറ്റില്ല.. എന്ന് മാത്രമോ ചീറ്റി പോയി എന്ന് വേണമെങ്കില്‍ പറയാം..  കനം പോരഞ്ഞിട്ടാണോ.. സര്വ്വമാന എഴുത്തുകാരുടെയും കനപ്പെട്ട  പുസ്തകങ്ങള്‍ ചവച്ചിറക്കിയിട്ടുംഫലം കാണുന്നില്ല..
എല്ലാ വിധ ചേരുവകളും ചേര്ത്തിട്ടും പരിഹസിക്കാനായിട്ടു  കൂടി ഒരുത്തനും എന്റെ പുസ്തകം തൊടുന്നില്ല..

മനുഷ്യന് മനസ്സിലായാലും മനസ്സിലാകാതെ നില്ക്കുന്ന ഒരെഴുത്ത് രീതി അവലംബിക്കണം..
സാധ്യമോ?

പേന അയാള്‍ നിലത്തു വച്ചു... കടലാസുകെട്ടുകള്‍ ഒതുക്കി മേശക്കരികിലെ ചുമരിനോട് ചേര്‍ത്ത് വച്ചു...
ജനങ്ങള്‍ വായിച്ചാലെ എഴുത്തുകാരന് തൃപ്തിയുള്ളൂ.. 
 പ്രക്രിയ ഇവിടെ പരാജയപ്പെട്ടിരിക്കുന്നു.. 
എഴുതാനായി മെനക്കെട്ട് നേരം കളഞ്ഞു താടി വളര്‍ത്തി ഇവിടെ ഇരുന്നിട്ട് വല്ല പ്രയോജനവുമുണ്ടായോ?
എഴുത്ത് മനസ്സിലേക്ക് കടന്നു വരണം.. കഥയുംകഥാപാത്രങ്ങളും സ്വയം  അവതരിക്കണം.. സൃഷ്ടി എളുപ്പമല്ല.. 

ഇപ്പോള്‍ ഇവിടെ ഇയാള്‍ വിജയിച്ചിരിക്കുന്നു.. തിരിച്ചറിവ് വിജയമല്ലേ

അന്വേഷിച്ചതെന്തോക്കയോ... കണ്ടെത്തിയത് മറ്റെന്തൊക്കെയോ...
തീര്ച്ചയായും ഒരവസരം വന്നാല്‍, ആശയങ്ങള്‍ മനസ്സില്‍ ഊറി കൂടി എന്നെ എരിപൊരി സഞ്ചാരം കൊള്ളിച്ചാല്‍...  വായനക്കാരാനിനക്ക് മനസ്സിലാകാത്ത ഭാഷ എനിക്ക് വഴങ്ങിയാല്‍ ഞാന്‍ തിരിച്ചു വരാം.. അയാള്‍ ആത്മഗതം ഉറക്കെ ഉരുവിട്ടു...
 തിരിച്ചുപോക്ക് എനിക്ക് സമാധാനം തന്നില്ലെങ്കില്‍ ഒരു പക്ഷേ എനിക്ക് വഴങ്ങുന്ന  ഭാഷയുമായി ഞാന്‍ തിരിച്ചു വന്നേക്കും..
തല്ക്കാലം വിട.. അയാള്‍ ആശ്വാസത്തോടെ കിടക്കയില്‍ കയറി മലര്‍ന്നു കിടന്നു...